Sunday, October 12, 2014

......................................ഉടഞ്ഞ കണ്ണാടി ...............................

സത്യം പറഞ്ഞാല് ഇപ്പളും മുന്നിൽ പോയി നില്ക്കാൻ ധൈര്യമില്ല.
വേറെ ആരാണെങ്കിലും പോകാമായിരുന്നു,
പക്ഷെ ഇതെന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ ആയി പോയില്ലേ.

കഴിഞ്ഞ രണ്ടാഴ്ചയായി മനസ്സില് ഒരേ ചിന്ത പുള്ളിക്കാരൻ എവിടെ ആയിരിക്കും ?? ഏതു കോലത്തിൽ ആയിരിക്കും ?? കാരണം പത്തു പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമുള്ള കോലമല്ലേ.
ഇനി ഉണ്ടോ എന്നുള്ളതും മനസ്സിൽ ഒരു ചോദ്യമാകുന്നു.

പത്താം ക്ലാസ്സിലെ നല്ല സ്വഭാവമുള്ള കുട്ടിക്കുള്ള അവാർഡിന് എന്റെ പേര് കണ്ടപ്പോൾ, ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരുന്ന കെമിസ്ട്രി ടീച്ചർ ചോദിച്ചു,
ഇത് താൻ തന്നെ അല്ലെ അല്ലാതെ പേര് മാറി പോയതൊന്നും അല്ലല്ലോ

ക്ലാസ്സിൽ മുഴങ്ങിയ കൂട്ടചിരിയിലും ഉയര്ന്നു നിന്നത് എന്റെ അഭിമാനം മുറ്റിയ കണ്ണുകളായിരുന്നു.

പക്ഷെ കൃത്യം ഒരു മാസം കഴിയും മുൻപേ സർനു മനസ്സിലായിക്കാണും ഇവനാണല്ലോ ഞാൻ അവാര്ഡ് കൊടുത്തത് എന്ന്.
സർ എന്നെ തെറ്റിധരിച്ചതാണ് എന്ന് പറയാൻ അന്നെന്റെ ധൈര്യമില്ലായ്മ  അനുവദിച്ചില്ല,ഇന്നും ......

ആ വര്ഷം പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞു സർ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയി. ഞാൻ എന്റെ തുടർ വിദ്യാഭ്യാസ ജീവിതത്തിലും. പിന്നെടെപ്പോഴോക്കെയോ മനസ്സില്‍ തോന്നിയിട്ടുണ്ട്  സര്‍നെ ഒന്ന് പോയി കാണണമെന്ന്, പക്ഷെ അങ്ങനെ ചിന്തിക്കുമ്പോളെല്ലാം ഞാന്‍ ഇപ്പോളും ആ പഴയ കുട്ടിയായി മാറുന്നു, ആ പരിഭ്രമവും ഭയവും ഓടിയെത്തുന്നു.

ഫോണില്‍ കൂടെ സംസാരിക്കേ എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു അന്ന് അവരുടെ ക്ലാസ്സില്‍ പോയിട്ടും സര്‍ എന്നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞുത്രേ,

അങ്ങനെ ഒരു കാര്യം മനസ്സില്‍ ഉണ്ടെങ്കില്‍ നിനക്ക് ഇത്ര കാലത്തിനിടയ്ക് ഒരിക്കലെങ്കിലും സര്‍നെ കാണാന്‍ പോകാമായിരുന്നില്ലേ എന്നുള്ള അയാളുടെ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു  ...